മുതലമട : കേരളത്തിലൂടെ പറമ്പിക്കുളത്തേക്കുള്ള വനപാത നിർമ്മാണ പദ്ധതി സംബന്ധിച്ച് സർവേ പുരോഗമിക്കുന്നു. ചെമ്മണാമ്പതി മുതൽ പറമ്പിക്കുളം തേക്കടിയിലെ മുടിവായ് വരെ 3.800 കിലോമീറ്റർ വനപാത നിർമിക്കാനുള്ള രണ്ടാമത്തെ ഡി.പി.ആർ തയ്യാറാക്കലാണ് പുരോഗമിക്കുന്നത്. ഒരിക്കൽ തുടങ്ങിയിട്ടും കേരളത്തിലൂടെ പറമ്പിക്കുളത്തേക്ക് വനപാത നിർണയിക്കുന്ന നടപടികൾ എങ്ങും എത്താതെ അനിശ്ചിതത്വത്തിലായിരുന്ന സാഹചര്യത്തിൽ മന്ത്രി കെ. എ. തുളസി വനപാത പൂർത്തീകരിക്കുവാൻ ആവശ്യമായ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചതിന്റെ ഭാഗമായാണ് നിലവിൽ കാട് വെട്ടിത്തെളിച്ച് സർവേ ആരംഭിച്ചിട്ടുള്ളത്.
വനപാതയിൽ തൊഴിലുറപ്പ് പണി ഉപയോഗപ്പെടുത്തി ആദിവാസികൾ വഴികൾ വെട്ടിയ പ്രദേശത്താണ് സർവേ. നേരത്തെ ഈ പ്രദേശത്ത് 69 വൃക്ഷങ്ങൾ വനം വകുപ്പ് മുറിച്ചുമാറ്റിയിരുന്നു. മുടിവായിൽ നിന്നും തമിഴ്നാട് സേത്തുമടയിൽ നിന്നും തേക്കടി റോഡുമായി ബന്ധിപ്പിക്കുവാൻ കരിമരുത് എസ്- ബെൻ്റ് വരെ സഞ്ചാരയോഗ്യമായ വഴി നിർമിക്കാനുള്ള സാധ്യത പഠനത്തിനായി ടെക്നിക്കൽ കമ്മിറ്റിയും സ്ഥലം സന്ദർശിച്ചിരുന്നു. 0.9975 ഹെക്ടർ ഭൂമിയാണ് 3800 മീറ്റർ ദൂരം വനപാതക്കായി വനംവകുപ്പ് വിട്ടുനൽകുന്നത്. മുടിവായ്ക്കുസമീപം വൻ പാറക്കെട്ടുകൾ മാറ്റാതെ വഴി നിർമിക്കാനുള്ള സാധ്യതയും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാറക്കെട്ടുകൾ ഉള്ള പ്രദേശത്ത് വളവുകളിൽ വശങ്ങൾ കരിങ്കല്ല് കൊണ്ട് ബണ്ട് നിർമിച്ച് നീരൊഴുക്ക് തടസമാകാതെ വനപാത യാഥാർഥ്യമാക്കണമെന്ന് തേക്കടി ഊരുവാസികൾ ആവശ്യപ്പെട്ടു.
കേരളത്തിലെ ഒരു പ്രദേശമാണെങ്കിലും നിലവിൽ പാലക്കാട് നിന്ന് പറമ്പിക്കുളത്തേക്ക് പോകാൻ തമിഴ്നാട് വഴി മാത്രമേ കഴിയൂ. (പാലക്കാട് - പൊള്ളാച്ചി - ആനമല - പറമ്പിക്കുളം )
പറമ്പിക്കുളത്തെ ഒരാൾക്ക് അത്യാവശ്യമായി ആശുപത്രിയിൽ എത്തണമെങ്കിൽ 40 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്നാട്ടിലെ പൊള്ളാച്ചിയിലോ 76ലേറെ കിലോമീറ്റർ സഞ്ചരിച്ച് പാലക്കാടോ എത്തേണ്ട അവസ്ഥയാണ്. നിരന്തരമായ ഈ യാത്രാപ്രശ്നം കാരണമാണ് പ്രദേശവാസികൾ വനം വകുപ്പിന്റെ വിലക്കുകൾ ലംഘിച്ച് ചെമ്മണാമ്പതിയിൽ നിന്ന് പറമ്പിക്കുളത്തേക്കുള്ള വനപാത വെട്ടിത്തെളിച്ച് സമരം തുടങ്ങിയത്.
2020 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ചെമ്മണാമ്പതിയിൽനിന്നും പറമ്പിക്കുളം തേക്കടിയിലേക്ക് പറമ്പിക്കുളത്തെ ഊരുമൂപ്പന്മാരുടെ സാന്നിധ്യത്തിൽ ആദിവാസികൾ വഴിവെട്ടൽ സമര രൂപത്തിൽ ആരംഭിച്ചത്. പൊലീസ്, വനം ഉദ്യോഗസ്ഥരുടെ ഭീഷണിയും കേസെടുക്കലും വകവയ്ക്കാതെ അവർ 1300 മീറ്ററിലധികം ദൈർഘ്യത്തിൽ വഴിവെട്ടിയ സമരമാണ് നിലവിൽ കേരളത്തിലൂടെ പറമ്പിക്കുളത്തേക്കുള്ള വഴി തെളിയിക്കുന്നത്. സമരകാലയളവിൽ 700 കേസുകളാണ് വനം വകുപ്പ് ആദിവാസികൾക്കെതിരെ എടുത്തത്. നിലവിൽ സർവ്വേയും റോഡ് നിർമ്മാണവും പൂർത്തീകരിക്കുന്നത് വരെ തടസ്സമില്ലാതെ പോവണം എന്നാണ് പറമ്പിക്കുളം വാസികളുടെ ആവശ്യം.
ചെമ്മണാമ്പതി തേക്കടി വനപാത സർവേ പുരോഗമിക്കുന്ന പ്രദേശം ജനപ്രതിനിധികളും സന്ദർശിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് സി. തിരുചന്ദ്രൻ, സ്ഥിരം സമിതി അംഗം മുഹമ്മദ്മൂസ, അംഗങ്ങളായ കെ. വിനീഷ്, നന്ദിനി തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.